രാജപുരം: കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ ഓണാവധിക്കാല ക്യാമ്പിനോടനുബന്ധിച്ച് രാജപുരം ശിശു സൗഹൃദ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് മധുരം നല്‍കി സ്വീകരിച്ചു. പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍, ലോക്കപ്പ് മുറി, ആയുധപ്പുര, റൈഫിള്‍, ഗ്രനേഡ് തുടങ്ങിയ ആയുധങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തി. ശിശു സൗഹൃദ ഇടം സന്ദര്‍ശിച്ചു. സിവില്‍ പോലീസ് ഓഫീസര്‍മാരായ ചന്ദ്രന്‍, രതി എന്നിവര്‍ ശിശുസൗഹൃദ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു, വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. ഒരു മണിക്കൂറോളം സമയം ചെലവഴിച്ചാണ് കുട്ടികള്‍ മടങ്ങിയത്. വളരെ സൗഹൃദപരമായ സമീപനമാണ് പോലീസ് ഓഫീസര്‍മാരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. സിവില്‍ പോലീസ് ഓഫീസര്‍ ബാബു, എസ് പി സി സി.പി. ഒ മാരായ പത്മസുധ, ബിജോയി സേവ്യര്‍, സീനിയര്‍ അധ്യാപകന്‍ എ.എം.കൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.