പനത്തടി: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ സന്ദേശ യാത്ര നടത്തി. രാജപുരം ജനമൈത്രി പോലീസിന്റെ സഹകരണത്തോടുകൂടി നടന്ന പരിപാടി സ്‌കൂള്‍ അങ്കണത്തില്‍ രാജപുരം വെള്ളരിക്കുണ്ട് ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ പി.ഷിജിത്ത് കഥകളിലൂടെയുംഉദാഹരണങ്ങളിലൂടെയും ലഹരി വിരുദ്ധ സന്ദേശം നല്‍കി നിര്‍വഹിച്ചു. കുട്ടികള്‍ അവതരിപ്പിച്ച ലഹരി വിരുദ്ധ സന്ദേശം നല്‍കുന്ന ഫ്‌ലാഷ്‌മോബ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.സ്‌കേറ്റിങ് താരങ്ങളായ കുട്ടികള്‍ ലഹരിക്കെതിരെയുള്ള സന്ദേശം നല്‍കുന്ന ലഘുലേഖകളും വിതരണം ചെയ്തു. സ്‌കൂളില്‍ നിന്നും ആരംഭിച്ച സന്ദേശയാത്ര പിന്നീട് കോളിച്ചാല്‍, മാലക്കല്ല്, ബളാംതോട്, പാണത്തൂര്‍ എന്നിവിടങ്ങളില്‍ ഫ്‌ലാഷ് മോബ് അവതരിപ്പിക്കുകയും ലഹരി വിരുദ്ധ സന്ദേശം നല്‍കുകയും ലഘു ലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു.
സമാപന സ്ഥലമായ പാണത്തൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് സന്ദേശം നല്‍കി. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് സുരേഷ് ഫിലിപ്പ്,എക്‌സിക്യൂട്ടീവ് അംഗം റോണി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തിപറമ്പില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി