കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാത മെക്കാഡം ടാറിങ്ങിന് കരാര്‍ നല്‍കിയിട്ട് മാസം മൂന്ന് കഴിഞ്ഞു ഇനിയും പണി ആരംഭിച്ചിട്ടില്ല

  • രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാത മെക്കാഡം ടാറിങ്ങിന് കരാര്‍ നല്‍കിയിട്ട് മാസം മൂന്ന് കഴിഞ്ഞു ഇനിയും പണി ആരംഭിച്ചിട്ടില്ല. സെപ്തംബര്‍ ആദ്യ വാരം തന്നെ പണി ആരംഭിക്കണമെന്ന് കരാറുകാരന് നിര്‍ദ്ദേശം നല്‍കിയിട്ടും റോഡ് പണിയുടെ പ്രാഥമിക നടപടി പോലും ആരംഭിച്ചിട്ടില്ല. കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാത പലയിടത്തും തകര്‍ന്ന് വാഹനങ്ങള്‍ക്ക് പോകാന്‍ പോലും പറ്റാത്ത നിലയിലായിട്ടും കരാറുകാരന്‍ റോഡ് പണി ആരംഭിക്കാത്തത് പ്രതിഷേധം വിളിച്ച് വരുത്തുന്നു. പി കരുണാകരന്‍ എം പി യുടെ ശ്രമകരമായ പരിശ്രമത്തിന്റെ ഭാഗമായി മലയോര മേഖലയിലൂടെ കടന്ന് പോകുന്നതും കര്‍ണ്ണാടക സംസ്ഥാനവുമായി ബന്ധിപ്പിക്കുന്നതുമായ കാഞ്ഞങ്ങാട്-പാണത്തൂര്‍- വാഗമണ്ഡല -മടിക്കേരി ദേശീയ പാതയുടെ ടെന്റര്‍ നടപടി പൂര്‍ത്തിയായെങ്കില്‍ ഡിപിആര്‍ തയ്യാറാക്കുന്നത് വൈകുമെന്ന ആശങ്കയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കാഞ്ഞങ്ങാട് -പാണത്തൂര്‍ സംസ്ഥാന പാതയുടെ മെക്കാഡം ടാറിങ്ങിന്റെ കരാര്‍ നടപടി വേഗത്തിലാക്കി നടപടി പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടമെന്ന നിലയില്‍ ഏഴാംമൈല്‍ മുതല്‍ പൂടംങ്കല്ല് വരെയുള്ള എട്ട് കിലോമീറ്റര്‍ റോഡ് ആണ് മെക്കാഡം ടാറിങ്ങിനുള്ള കരാര്‍ നടപടി പൂര്‍ത്തിയായി റോഡിന്റെ പണി തുടങ്ങാനുള്ള നിര്‍ദ്ദേശം പൊതുമരാമത്ത് വകുപ്പ് നല്‍കിയിരിക്കുന്നത്. ഇതോടെ ദേശീയപാതയുടെ പ്രവര്‍ത്തനം വൈകിയാലും വാഹനങ്ങള്‍ക്ക് തകര്‍ന്ന റോഡിലൂടെ യാത്ര ചെയ്യേണ്ടി വരില്ല. രണ്ടാം ഘട്ടം എന്ന നിലയില്‍ പൂടംങ്കല്ല് മുതല്‍ പാണത്തൂര്‍ വരെയുള്ള മെക്കാഡം ടാറിങ്ങ് കരാര്‍ നല്‍കാനുള്ള നടപടി ആരംഭിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബഡ്ജറ്റില്‍ 35 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മഴ കാരണം ടാറിങ്ങ് ചെയ്യാന്‍ കഴിയില്ലെന്നാണ് കരാറുകാരന്‍ പറയുന്നത് എന്നാല്‍ മെക്കാഡം ടാര്‍ ചെയ്യുന്നതിന് മുമ്പായി റോഡിന്റെ വീതി കൂട്ടി, വളവ് നികത്തുന്ന പ്രവൃത്തി പൂര്‍ത്തിയാക്കാനുണ്ട് ഈ പണി ആരംഭിക്കുന്നതിന് ഒരു തടസ്സവും ഇല്ല. ഇതോടൊപ്പം പൂടംങ്കല്ല് മുതല്‍ പാണത്തൂര്‍ വരെയുള്ള കുഴി അടക്കുന്നതിന് വേണ്ടി കരാര്‍ നല്‍കിയിട്ടുണ്ട് ഈ പണി അടുത്ത ആഴ്ച്ചയില്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ അനുവദിച്ച ടാര്‍ കഴിഞ്ഞ ദിവസം എത്തിച്ചു. അതു കൊണ്ട് തന്നെ കുഴി അടക്കുന്നതിന് ഉള്ള പ്രവര്‍ത്തനം വേഗത്തില്‍ തുടങ്ങാന്‍ കഴിയും.

Leave a Reply