രാജപുരം: 90 ലക്ഷത്തിന്റെ മേരി ക്യൂറി റിസർച്ച് ഫെലോഷിപ്പ് കാസർഗോഡിന്റെ മലയോരത്തേക്ക്സ്വപ്നതുല്യമായ നേട്ടം രാജപുരത്ത് കർഷക കുടുംബത്തിലേക്ക്
ബാങ്ക് ലോണിന്റെ ബാധ്യത തെല്ലുമില്ലാതെ, സ്വർണ്ണമോ ഭൂമിയോ പണയം വെക്കാതെ ലോക റാങ്കിംഗിൽ മുന്നിലുള്ള വിദേശ സർവകലാശാലയിൽ പോയി പി എച്ച് ഡി നേടുവാൻ ഇച്ഛാശക്തി ഉണ്ടെങ്കിൽ കഴിയുമെന്നതിന്റെ ഒടുവിലെ ഉദാഹരണമാണ് രാജപുരത്ത് ജസ്വിൻ ജിജി കിഴക്കേപ്പുറത്ത് നേടിയ 90 ലക്ഷം രൂപയുടെ മേരി ക്യൂറി ഗവേഷണ ഫെലോഷിപ്പ്.
വിദ്യാഭ്യാസ ആവശ്യം മറയാക്കി പാർട്ട് ടൈം ജോലി ചെയ്തു വരുമാനവും, ലോൺ തിരിച്ചടവും ലക്ഷ്യമാക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ, ഏജൻസികളുടെ മോഹവലയത്തിൽ ഉൾപ്പെട്ട് വിദേശ വിദ്യാഭ്യാസത്തിന്റെ പേരിൽ വഞ്ചിതരാകുന്ന ഈ കാലഘട്ടത്തിൽ ഒരു രൂപ പോലും കെട്ടിവെക്കാതെ ജീവിത ചെലവുകളും, സർവകലാശാല ഫീസും അടങ്ങുന്ന മുഴുവൻ തുകയും നേടി ഫ്രാൻസിലെ ലോകോത്തര സർവകലാശാലയിൽ നിന്നും പി എച്ച് ഡി നെടുവാനുള്ള ഈ അവസരം ജെസ്വിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. കർഷക കുടുംബത്തിൽ ജനിച്ചു, മലയോരത്തെ സ്കൂളുകളിലൂടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി, കാസർഗോഡ് ഗവൺമെന്റ് കോളേജിൽ നിന്നും ബി എസ് സി ഫിസിക്സ് പാസായതിനുശേഷം, പഞ്ചാബ് കേന്ദ്രസർവലാശാലയിൽ നിന്നുമാണ് ജെസ്വിൻ കിഴക്കേപ്പുറത്ത് എം എസ് സി ഫിസിക്സ് പാസായത്. ബിരുദാനന്തര ബിരുദ പഠനത്തിന്റെ ഭാഗമായി ഐഐടി പാലക്കാട് മൂന്നുമാസം ഇന്റേൺഷിപ്പ് ചെയ്യുവാൻ അവസരം ലഭിച്ചത് വഴിത്തിരിവായെന്ന് ജെസ്വിൻ സാക്ഷ്യപ്പെടുത്തുന്നു. പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും പകർന്നു കിട്ടിയ അനുഭവവും ഇന്റേൺഷിപ്പും ഒത്തുചേർന്നപ്പോൾ യഥാർത്ഥ വിദേശ സർവകലാശാല ഗവേഷണ ഫെലോഷിപ്പിലേക്കുള്ള വഴിയാണ് തുറന്നു കിട്ടിയത് . പഠിച്ച കാര്യങ്ങളിൽ ഊന്നിയുള്ള സ്വയം തയ്യാറാക്കിയ പ്രൊജക്റ്റ് 50 -60 മുൻനിര വിദേശ സർവ്വകലാശാലകളിലേക്ക് അയച്ചു നൽകിയപ്പോൾ വലിയ പ്രതീക്ഷ കൈമുതലായുണ്ടായിരുന്നു. മേരി ക്യൂറി ഗവേഷണ ഫെലോഷിപ്പ് ലഭിച്ചപ്പോൾ ജോബ് കോൺട്രാക്ട് വിസ നേടി ഫ്രാൻസിലേക്ക് യാത്ര തിരിക്കുവാനുള്ള സുവർണ്ണ അവസരമാണ് ജെസ്വിന് കൈവന്നിരിക്കുന്നത്.
വടക്കൻ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വീടും പറമ്പും സ്വർണവും പണയം വെച്ച്, ലോണെടുത്ത് വിദേശ വിദ്യാഭ്യാസത്തിന് അല്ലെങ്കിൽ വിദേശ കുടിയേറ്റത്തിന് തയ്യാറാകുന്ന പ്രദേശമായ രാജപുരത്ത് നിന്നും ഫ്രാൻസിലെ ബർഗോൺ ഡി ജോൺ സർവകലാശാലയിലേക്ക് ശാസ്ത്ര ഗവേഷണത്തിന് പോകുവാൻ തയ്യാറെടുക്കുന്ന ജസ്വിൻ പറയുന്ന വിജയകഥ മാതൃകയാക്കിയാൽ പുതിയൊരു വിദ്യാഭ്യാസ സംസ്കാരം തന്നെ ഇവിടെ ഉടലെടുക്കും. രാജപുരത്ത് കർഷകനായ കിഴക്കേപ്പുറം ജിജി കുര്യന്റെയും, ഗവൺമെന്റ് മെഡിക്കൽ കോളേജ് നേഴ്സ് ആൻസി ജോസഫിന്റെയും മകനാണ് ജെസ്വിൻ.