- രാജപുരം: മലയോര സിരാകേന്ദ്രമായ മാലക്കല്ല് സബ്ട്രഷറിക്ക് സ്വന്തമായി കെട്ടിടമെന്ന സ്വപ്നം പൂവണിയുന്നു. മാലക്കല്ലില്‍ 2014 മുതല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്ട്രഷറിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കാനുള്ള സ്ഥലം കണ്ടെത്തിയത്. കോട്ടയം അതിരൂപതയുടെ സ്ഥലമാണ് ഇതിനായി വിട്ടു നല്‍കാമെന്ന് തീരുമാനമായത്. നിലവില്‍ ട്രഷറി പ്രവൃത്തിക്കുന്ന കെട്ടിടത്തിന് സമീപത്ത് തന്നെയാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. മാലക്കല്ല് കുറ്റിക്കോല്‍ റോഡില്‍ കോട്ടയം അതിരൂപതയുടെ ഉടമസ്ഥതയിലുള്ള 10 സെന്റ് സ്ഥലമാണ് വിട്ടു നല്‍കുക. സര്‍ക്കാര്‍ നല്‍കുന്ന 43 ലക്ഷം രൂപയുടെ കെട്ടിടമാണ് ഇവിടെ വരാന്‍ പോകുന്നത്. കോട്ടയം എസ്‌റേറ്റ് മാനേജര്‍ ഫാദര്‍ ജോഷി വല്ലര്‍ക്കാട്, മാലക്കല്ല് ലൂര്‍ദ്ദ്മാതാ ചര്‍ച്ച് വികാരി ഫാദര്‍ ബൈജു എടാട്ട്, അബ്രഹാം കടുതോടി, എ.ജെ ജോസ്, എ.കെ മാത്യു, പി.ജെ ജോണ്‍ പുല്ലുമറ്റം, കാസര്‍ഗോഡ് അസി. ജില്ലാ ട്രഷറി ഓഫീസര്‍ പി.വി മുഹമ്മദ് ബഷീര്‍, സൂപ്രണ്ടുമാരായ സുകുമാരന്‍ നായര്‍, ഒ.ടി ഗഫൂര്‍, മാലക്കല്ല് ട്രഷറി ഓഫീസര്‍ എ.എല്‍ ബാലസുബ്രഹ്മണ്യ ശര്‍മ്മ, കെ.ജയകുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.