രാജപുരം: വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വിഭാഗീയ ചിന്തകള്‍ ഒഴിവാക്കി ആരോഗ്യകരമായ ക്യാമ്പസ് അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ ആന്റി റാഗിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ റാഗിംഗ് വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി. റാഗിങ്ങിന്റെ സാമൂഹ്യവും നിയമപരവുമായ വശങ്ങളെക്കുറിച്ച് നിയമവിദഗ്ദ്ധനായ അഡ്വ. ടി.വി. മദനന്‍ ആണ് ബോധവത്ക്കരണ ക്ലാസ്സ് എടുത്തത്. റാഗിംഗ്രഹിത ക്യാമ്പസിലൂടെ ചിന്തയിലും, പ്രവര്‍ത്തിയിലും നന്മയുള്ള ഒരു സമൂഹമാണ് രൂപംകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാരീരികവും, മാനസികവുമായി വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കുന്ന ചെറിയ ബുദ്ധിമുട്ടുകള്‍ പോലും റാഗിങ്ങിന്റെ പരിധിയില്‍ വരുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മേരിക്കുട്ടി അലക്സ് സ്വാഗതവും, കോളേജ് ആന്റി റാഗിംഗ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോബി തോമസ് നന്ദിയും പറഞ്ഞു. രാജപുരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്ധ്യോഗസ്ഥരും സന്നിഹിതരായിരുന്നു.