മലയോരത്തിന്റെ കായിക പ്രേമികള്‍ക്ക് ആവേശമായി കായികാധ്യാപകരുടെ മാരത്തണ്‍

രാജപുരം: മലയോരത്തിന്റെ കായിക പ്രേമികള്‍ക്ക് ആവേശമായി കായികാധ്യാപകരുടെ മാരത്തണ്‍.
കേന്ദ്ര കായിക മന്ത്രാലയം നടപ്പിലാക്കുന്ന ഫിറ്റ് ഇന്ത്യാ ഫ്രീഡം റണ്ണിന്റെ ഭാഗമായാണ് കണ്ണൂര്‍ മാടായി കോളേജിലെ കായികാധ്യാപകന്‍ കരിവേടകത്തെ പ്രവീണ്‍ മാത്യു, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ കബഡി കോച്ച് കോളിച്ചാലിലെ വിനോദ് കുമാര്‍ എന്നിവര്‍ സ്വാതന്ത്ര്യദിനത്തില്‍ വേറിട്ട പരിപാടിയുമായെത്തിയത്. രോഗ പ്രതിരോധശേഷി കൂട്ടാനും മാനസിക സമ്മര്‍ദ്ദമില്ലാതാക്കാനും കായിക രംഗത്തിന് കഴിയുമെന്ന സന്ദേശവുമായാണ് മാരത്തണ്‍ നടത്തിയത്. ബന്തടുക്ക പി.എച്ച്.സിയില്‍ നിന്നും തുടങ്ങി പൂടംകല്ല് താലൂക്ക് ഹോസ്പിറ്റല്‍ വരെയുള്ള 21 കിലോമീറ്റര്‍ രണ്ട് മണിക്കൂര്‍ കൊണ്ടാണ് ഇരുവരും ഓടിതീര്‍ത്തത്. കുറ്റിക്കോല്‍, പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലൂടെയായിരുന്നു മാരത്തണ്‍. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ് മാരത്തണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. പൂടംകല്ല് താലൂക്ക് ആസ്പത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.സുകുവിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

Leave a Reply