മലയോരത്തിന്റെ കാത്തിരിപ്പിന് വിരാമം; പൂടംകല്ല് താലൂക്ക് ആസ്പത്രിയില്‍ പ്രസവ ചികിത്സ തുടങ്ങും

രാജപുരം: പ്രസവ ചികിത്സാ സൗകര്യമൊരുക്കണമെന്ന മലയോര ജനതയുടെ കാലങ്ങളായുള്ള ആവശ്യം യാഥാര്‍ഥ്യമാകുന്നു. പൂടംകല്ല് താലൂക്ക് ആസ്പത്രയില്‍ പ്രസവ ചികിത്സാ വിഭാഗം ഒരു വര്‍ഷത്തിനകം തുടങ്ങും. ഇതിനായി ഒരുക്കേണ്ട പ്രസവ വാര്‍ഡിന്റെയും ശസ്ത്രക്രിയാ മുറിയുടെയും നിര്‍മ്മാണം അടുത്ത ദിവസം തുടങ്ങും. ആറ് മാസത്തിനകം പൂര്‍ത്തിയാകും. അനുബന്ധ സംവിധാനങ്ങളുമൊരുക്കും. ആസ്പത്രിക്ക് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ദേശീയ ആരോഗ്യ മിഷന്‍(എന്‍.എച്ച്.എം.) വഴി 1.05 കോടി രൂപ ചെലവില്‍ പ്രസവവാര്‍ഡും ശസ്ത്രക്രിയാ മുറിയും ഒരുക്കുക. വാപ്പ്കോസ് ഏന്ന കേന്ദ്ര ഗവ.ഏജന്‍സി വഴി മെഡ്ഫ്ളോ എന്ന കമ്പനിയാണ് പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്റെ സാന്നിധ്യത്തില്‍ മെഡിക്കല്‍ ഓഫീസര്‍ സി.സുകുവും മെഡ് ഫ്ളോ അധികൃതരും പ്രവൃത്തിയുടെ ധാരണാപത്രം ഒപ്പിട്ടു. എന്‍.എച്ച്.എമ്മിന്റെയും വാപ്പ്കോസിന്റെയും പ്രതിനിധികള്‍ സംബന്ധിച്ചു. താലൂക്ക് ആസ്പത്രിയില്‍ പ്രസവ ചികിത്സാ വിഭാഗം പ്രവര്‍ത്തനം തുടങ്ങുന്നത് കിഴക്കന്‍ മലയോരത്തെ ഏഴ് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഗുണകരമാകും. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലക്ഷ്യ പദ്ധതിയില്‍ പെടുത്തിയാണ് സൗകര്യമൊരുക്കുന്നത്.

Leave a Reply