കോളിച്ചാല്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2021 വര്‍ഷത്തെ വി.യൗസേപ്പിതാവിന് സമര്‍പ്പിത വര്‍ഷമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍, വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള, ഉറങ്ങുന്ന യൗസേപ്പിതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിതമായ പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തെ 2021 വര്‍ഷത്തെ തീര്‍ത്ഥാടന ദേവാലയമായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍.ജോര്‍ജ്ജ് ഞരളക്കാട്ടിന്റെ ബൂള (ഉത്തരവ്) അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പാംപ്ലാനി ഇന്നലെ ഇടവക സുവര്‍ണ്ണ ജൂബിലി തിരുനാള്‍ സമാപന ദിവസം വി.കുര്‍ബ്ബാന മദ്ധ്യേ വായിച്ച ശേഷം തിരിതെളിച്ച് ഉത്ഘാടനം നിര്‍വ്വഹിച്ചു. സുവര്‍ണ്ണ ജൂബിലി സ്മാരകമായി നര്‍മ്മിച്ച മാര്‍.സെബാസ്റ്റ്യന്‍ വള്ളോപ്പിളളി ഓഡിറ്റോറിയത്തിന്റൈ ഉത്ഘാടനവും മാര്‍. ജോസഫ് പാംപ്ലാനി നിര്‍വ്വഹിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇടവകാംഗങ്ങളായ ജനപ്രതിനിധികള്‍ക്ക് അനുമോദനവും, വിവാഹ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന 7 ദമ്പതികളെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു. ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം, അസി.വികാരി ഫാ. ലിബിന്‍ ചകിണി മാന്തറ, കോ-ഓര്‍ഡിനേറ്റര്‍ തങ്കച്ചന്‍ ചാന്തുരുത്തിയില്‍, ട്രസ്റ്റിമാരായ ബാബു പാലാപ്പറമ്പില്‍, ജോയി കിഴുതറ, ജോസ് ചെറുകര, സിബി നാലുതുണ്ടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.