ശരീരം തളര്‍ന്ന് ജീവിതം വീല്‍ ചെയറിലായ മാലക്കല്ലിലെ പ്രിയേഷ് വൈകല്യങ്ങളെ അതിജീവിച്ച് പത്താം ക്ലാസ് പരീക്ഷയില്‍ നേടിയത് അതിജീവനത്തിന്റെ വിജയം.

പൂടംകല്ല്: വീല്‍ ചെയറില്‍ ഇരുന്ന് പരീക്ഷ എഴുതിയ രാജപുരം ഹോളി ഫാമിലി സ്‌കൂളിലെ പ്രിയേഷ് പത്താം ക്ലാസില്‍ നേടിയത് അതിജീവനത്തിന്റെ വിജയം. മാലക്കല്ല് കാരമൊട്ടയിലെ വി.ടി.പ്രദീപ് – സന്ധ്യ ദമ്പതികളുടെ മകന്‍ പ്രിയേഷിന്റെ ശരീരം ഒന്നര വയസ്സില്‍ തളര്‍ന്നു പോയതാണ്. ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ വിധിക്ക് കീഴടങ്ങി വിജയത്തിനായി പൊരുതുകയായിരുന്നു. തുടര്‍ന്ന് കസേരയിലായിരുന്നു പ്രിയേഷിന്റെ ജീവിതം. വീട്ടുകാര്‍ നിത്യവും വാഹനത്തില്‍ എത്തിച്ചായിരുന്നു പ്രിയേഷിനെ പഠിപ്പിച്ചിരുന്നത്. മകന് വൈകല്യമുണ്ടെന്ന യാതൊരു തോന്നലും വരുത്താത്ത രീതിയിലായിരുന്ന മാതാപിതാക്കള്‍ പ്രിയേഷിനെ വളര്‍ത്തിയത്. ശരീരത്തില്‍ ചലന ശേഷിയുള്ള ഇടതു കയ്യിലെ രണ്ട് വിരലുകള്‍ മാത്രമായിരുന്ന പഠനായുധം. പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് നേടി മിന്നുന്ന വിജയത്തില്‍ എത്തിയതില്‍ ഏറെ സന്തോഷിക്കുകയാണ് പ്രിയേഷിന്റെ രക്ഷിതാക്കള്‍. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന പ്രിയേഷിന് കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍ ആകാനാണ് ആഗ്രഹം. സഹോദരന്‍ പ്രദീഷ് കണ്ണൂരില്‍ ഇന്റിരിയര്‍ ഡിസൈനിങ് കോഴ്‌സ് പഠിക്കുന്നു.

Leave a Reply