രാജപുരം: അപകട ഭീഷണിയുണ്ടായിട്ടും കൊട്ടോടി ചീറ്റക്കാൽ തട്ടിൽ ചെങ്കൽ പണയിലുണ്ടായ ഗർത്തം സന്ദർശിക്കാത്ത ജിയോളജി വകുപ്പ് അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ഹിന്ദു ഐക്യവേദി പ്രതിഷേധ വലയം തീർത്തു. ഉരുൾ പൊട്ടലിന് സാധ്യതയുണ്ടായിട്ടും അധികൃതർ വേണ്ട മുൻകരുതലുകളോ നടപടിയോ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് ഗർത്തം രൂപപ്പെട്ടത്. ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്ഥലം വെള്ളരിക്കുണ്ട് തഹസിൽദാർ, രാജപുരം പോലീസ് എന്നിവർ സന്ദർശിച്ച് റിപ്പോർട്ട് നൽകിയിട്ടും തുടർനടപടികൾ ഉണ്ടായിട്ടില്ല ക്വാറിയിൽ ഗർത്തം രൂപപ്പെട്ടതോടെ സമീപ പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണ്. എത്രയും പെട്ടെന്ന് ജിയോളജി വിഭാഗം എത്തിയി പരിശോധ നടത്തിയില്ലെങ്കിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമരത്തിനിറങ്ങുമെന്ന് ഹിന്ദുഐക്യവേദി പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.ഗോവിന്ദൻ, ജനറൽ സെക്രട്ടറി എസ്.പി.ഷാജി, ഹൊസ്ദുർഗ് താലൂക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, വാർഡംഗം എം.കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.