രാജപുരം സെന്റ് പയസ് കോളേജിൽ അന്താരാഷ്ട്ര വെബിനാർ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

രാജപുരം: കോവിഡ് മഹാമാരി വലിയ വെല്ലുവിളികളാണ് ഉയർത്തുന്നത് എങ്കിലും വിദ്യാഭ്യാസമേഖലയിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന അവസരങ്ങൾ നേട്ടമായി തന്നെ കാണണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ രാജപുരം സെന്റ് പയസ് ടെൻത് കോളേജ് അന്താരാഷ്ട്ര വെബിനാർ പരമ്പര ഉദ്ഘാടന വേളയിൽ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ അനുബന്ധ പ്രവർത്തനങ്ങൾ ആഘോഷമായി കൊണ്ടാടുവാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയണമെന്നും വിവിധ രാജ്യങ്ങളിൽനിന്നും പ്രഗത്ഭരെ ഉൾക്കൊള്ളിച്ച് വെബിനാർ പരമ്പര നടത്തുന്നത് ഉത്സവ പ്രതീതി ഉണ്ടാക്കുന്നു എന്നും അധ്യക്ഷതവഹിച്ച കോളേജ് മാനേജർ മാർ ജോസഫ് പണ്ടാരശ്ശേരിൽ അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്ന ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതി പുതിയ പ്രതീക്ഷകൾ നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര- മാനവിക വിഷയങ്ങളുടെ പ്രസക്തിയെക്കുറിച്ച് കേരള സർവകലാശാല എമിരേറ്റ്സ് പ്രൊഫസർ ഡോ. പി ആർ സുധാകരൻ അവതരിപ്പിച്ച പ്രബന്ധം ശ്രദ്ധേയമായി. ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മഹാമാരി കാലത്ത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള ഉന്നതവിദ്യാഭ്യാസ മേഖലയിലെ വെബിനാർ വലിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് കോളേജ് പ്രിൻസിപ്പൽ ബിജു ജോസഫ് അറിയിച്ചു. കോളേജ് പ്രോ മാനേജർ ഫാ. ജോസ് നെടുങ്ങാട്ട്, ഡോ. ജോസ് ജയിംസ്, ഫാ. ജോർജ് പുതുപ്പറമ്പിൽ, ഡോ. തോമസ് സ്കറിയ, ഡോ. സിനോഷ് സ്കറിയാച്ചൻ എന്നിവർ സംസാരിച്ചു. ലോകപ്രശസ്ത സർവകലാശാലകളിലെ പ്രഗൽഭരായ അധ്യാപകരെയും ഗവേഷകരെയും ഉൾക്കൊള്ളിച്ച് നടത്തുന്ന വെബിനാർ പരമ്പര ഓഗസ്റ്റ് 13 ന് അവസാനിക്കും. വിവിധ വിഷയങ്ങളിൽ യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ, ഏഷ്യ വൻകരകളിൽ നിന്നും ലോകോത്തര സർവ്വകലാശാല റാങ്കിംഗ് കളിൽ ആദ്യ 100 ഇൽ ഉൾപ്പെട്ട സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. നോബൽ പുരസ്കാരത്തിന് അർഹമായ പ്രോജക്ടുകളും പഠന വിധേയമായി അവതരിപ്പിക്കപ്പെടും എന്നും കൺവീനർ ഡോ.സിനോഷ് സ്കറിയാച്ചൻ അറിയിച്ചു

Leave a Reply