അട്ടക്കണ്ടം പ്രദേശത്തെ വ്യാജമദ്യ വിതരണവും , പരസ്യ മദ്യപാനവും: ഡി വൈ എഫ് ഐ സമര രംഗത്തേക്ക്

രാജപുരം: അട്ടക്കണ്ടം, കോളിയാര്‍, ക്ലീനിപ്പാറ പ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന കര്‍ണാടക നിര്‍മിത വിദേശ മദ്യ, വ്യാജ മദ്യ വില്‍പ്പന എന്നിവ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി വൈ എഫ് ഐ അട്ടക്കണ്ടം യൂണിറ്റ് പ്രതിഷേധ സമരം നടത്തി. ഓട്ടോറിക്ഷകളില്‍ വ്യാജമദ്യം യഥേഷ്ടം ആവശ്യക്കാര്‍ക്ക് ഒരു ഫോണ്‍ കോളില്‍ എത്തിക്കുന്ന അവസ്ഥയാണ് കോളനികളിലും നാല്‍കവലകളിലും.
മദ്യപാന്മരെക്കൊണ്ട് ജനം പൊറുതിമുട്ടുകയാണ്. മദ്യവില്പന ചോദ്യം ചെയ്താല്‍ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദ്ധിക്കുകയും ചെയ്യുന്ന സ്ഥിതിയാണ് . മദ്യത്തിനടിമയായി പലകുടുംബങ്ങളിലും പ്രശ്‌നങ്ങളാണ്. കണ്ടൈന്‍മെന്റ് സോണ്‍ ആയ കോടോം ബേളൂര്‍ ഒന്‍പതാം വാര്‍ഡില്‍പ്പെടുന്ന പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരസ്യമദ്യപാനമാണ് നടക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് വ്യാജ മദ്യകേന്ദ്രമായിരുന്ന പ്രദേശത്ത് ഡി വൈ എഫ് ഐ നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പൂര്‍ണമായും വ്യാജമദ്യമുക്തമാക്കാന്‍ കഴിഞ്ഞിരുന്നു..
നിലവില്‍ കോവിഡ് മറയാക്കിയാണ് ഒരു സംഘം നാടിന് ഭീഷണിയായി വരുന്നത്..
വാര്‍ഡിലെ നോഡല്‍ ഓഫീസര്‍മ്മാര്‍ ,സെക്ടറല്‍ മജിസ്ട്രേറ്റ്, പോലീസ്, എക്സൈസ് അധികാരികള്‍ തുടങ്ങിയവരെ കൂടി ഉള്‍പ്പെടുത്തി ശക്തമായി ഇടപെടാനാണ് ഡി വൈ എഫ് ഐ തീരുമാനിച്ചു.
അട്ടക്കണ്ടത്ത് നടന്ന പ്രതിഷേധപരിപാടി സി പിഎം കാലിച്ചാനടുക്കം ലോക്കല്‍ സെക്രട്ടറി ടി.വി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റും മേഖലകമ്മിറ്റി അംഗവുമായ വി.വി.അഭിനവ് അധ്യക്ഷത വഹിച്ചു.
ഡി വൈ എഫ് ഐ പനത്തടി ബ്ലോക്ക് കമ്മിറ്റി അംഗവും കോടോംബേളൂര്‍ പഞ്ചായത്ത് അംഗവുമായ എം.വി.ജഗന്നാഥ്, കാലിച്ചാനടുക്കം മേഖലാസെക്രട്ടറി വി.സജിത്ത്, പ്രസിഡന്റ് ഷൈജന്‍ കടവില്‍ മുന്‍ ബ്ലോക്ക് സെക്രട്ടറി മധു കോളിയാര്‍, സി.വി.സേതുനാഥ്, എം.വി.തമ്പാന്‍, വി.ഭാസ്‌കരന്‍, വി.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
യൂണിറ്റ് സെക്രട്ടറി രാഹുല്‍ പി വി സ്വാഗതവും ജോയിന്റ് സെക്രട്ടറി സൂരജ് എം നന്ദിയും പറഞ്ഞു.

അഭിമാനത്തോടെ ഞങ്ങള്‍ പറയും മദ്യം വാങ്ങില്ല, വില്‍ക്കില്ല, കുടിക്കില്ല…
എന്ന സന്ദേശം ഉയര്‍ത്തിപിടിക്കുന്ന
10 ബോര്‍ഡ് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചു. വ്യാജമദ്യ വില്പനക്കാര്‍ക്ക് ആദ്യഘട്ടം എന്നനിലയില്‍ താക്കീതുനല്‍കുകയും ചെയ്തു

Leave a Reply