വിദ്യാര്‍ത്ഥികള്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കും ഡിജിറ്റല്‍ പദ്ധതിയുമായി കേരളവിഷനും കാസര്‍കോട് ജില്ലാ പഞ്ചായത്തും കൈകോര്‍ത്തു

കാസര്‍ഗോഡ്: വിദ്യാര്‍ത്ഥികള്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കും ഡിജിറ്റല്‍ പദ്ധതിയുമായി കേരളവിഷനും കാസര്‍കോട് ജില്ലാ പഞ്ചായത്തും കൈകോര്‍ത്തു.കുറഞ്ഞ നിരക്കില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. 890 രൂപ നല്‍കിയാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകും. ഒരു മാസത്തിനുള്ളില്‍ കണക്ഷന്‍ എടുക്കുന്ന ഉപയോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 60 എം.ബി.പി.എസ് വേഗതയില്‍ 1500 ജി.ബി. പ്രതിമാസ പ്ലാനിനൊപ്പം അനിയന്ത്രിതമായ വോയിസ് കോളും സൗജന്യമായി ലഭിക്കും.

വിദ്യാര്‍ത്ഥികള്‍ ഉള്ള വീടുകളിലാണ് കണക്ഷന്‍ എങ്കില്‍ 240 രൂപയുടെ ഡിജിറ്റല്‍ കേബിള്‍ ടി.വി. സേവനം ആറ് മാസത്തേക്ക് 90 രൂപയുടെ കുറവ് വരുത്തി 150 രൂപയ്ക്ക് നല്‍കും. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വഴിയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കാന്‍ 3000 രൂപ മുതല്‍ 5000 രൂപ വരെ ചിലവ് വരുന്നിടത്താണ് പുതിയ പദ്ധതി ശ്രദ്ധേയമാകുന്നത്. ജില്ലയിലെ ഇരുന്നൂറിലധികം ഓപറേറ്റര്‍മാരും ജില്ലാ കമ്പനിയായ സി.സി.എന്നും 50 ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്.

കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് എന്ന ജില്ലാ പഞ്ചായത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേരളാവിഷന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ജില്ലയെ സമ്പൂര്‍ണ ഡിജിറ്റല്‍ ഗ്രാമമാക്കി മാറ്റുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ജില്ല എന്ന ജില്ലാ പഞ്ചായത്തിന്റെ ആശയം മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് സിഗ്‌നല്‍ ലഭിക്കാന്‍ ഏറെ പ്രയാസപ്പെടുന്ന കോളനികളില്‍ സിഗ്‌നല്‍ ലഭ്യമാക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ് കേരളവിഷന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

Leave a Reply