റാണിപുരം ∙ ജില്ലാ വനംവകുപ്പിന്റെയും കാസർകോട് ബേഡേഴ്സ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ റാണിപുരം വനമേഖലയിൽ നടത്തിയ പക്ഷി സർവേയിൽ കണ്ടെത്തിയത് 109 ഇനം പക്ഷികളെ. പോതക്കിളിയെ ജില്ലയിൽ ആദ്യമായും മേടുതപ്പി(പാലിഡ് ഹാരിയർ), മീൻ കൂമൻ(ബ്രൗൺ ഫിഷ് ഔൾ), ചെങ്കണ്ണി തിത്തിരി എന്നീ പക്ഷികളെ റാണിപുരത്ത് ആദ്യമായും കണ്ടെത്തി. ഇതോടെ റാണിപുരം റിസർവ് വനമേഖലയിൽ കണ്ടെത്തിയ ആകെ പക്ഷിയിനങ്ങളുടെ എണ്ണം 163 ആയി.
വനംവകുപ്പ് കാഞ്ഞങ്ങാട് റേഞ്ച് ഓഫിസർ എ.ബി.ശ്രീജിത്ത്, പനത്തടി സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസർ ബി.ശേഷപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഷിഹാബുദ്ദീൻ, ഡ്രൈവർ ഗിരീഷ് , വാച്ചർമാരായ ശരത്, അരുൺ, സുരേഷ്, സിൽജോ, കാസർകോട് ബേഡേഴ്സ് കൂട്ടായ്മയെ പ്രതിനിധീകരിച്ച് ശ്യാംകുമാർ പുറവങ്കര, എം.ഹരീഷ് ബാബു രാവണീശ്വരം, ഹരിഹരൻ, കെ.എം.അനൂപ് തുടങ്ങിയവർ സർവേയ്ക്ക് നേതൃത്വം നൽകി. മണ്ണുത്തി കാർഷിക സർവകലാശാലയിലെ ബിഎസ്‌സി ഫോറസ്ട്രി വിദ്യാർഥികളും സർവേയുടെ ഭാഗമായി.