സോഷ്യല്‍ മീഡിയ കൈകോര്‍ത്തു, അബ്ദുല്‍ ഹര്‍ഷാദിനെത്തേടി ബന്ധുക്കളെത്തി.

  • അമ്പലത്തറ: കഴിഞ്ഞ 4 മാസമായി കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് അമ്പലത്തറ സ്‌നേഹാലയം വൃദ്ധസദനത്തിലെ അന്തേവാസിയായിരുന്ന ഇരിക്കൂര്‍ സ്വദേശി അഹമ്മദ് ഹര്‍ഷാദിനെത്തേടി ഭാര്യയും അമ്മാവനും ഭാര്യാസഹോദരി ഭര്‍ത്താവുമെത്തി വീട്ടിലേക്ക് കൊണ്ടു പോയി. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരണപ്പെട്ട ഹര്‍ഷാദ് പ്രീ ഡിഗ്രി കഴിഞ്ഞു ഹോട്ടല്‍ മാനേജ്‌മെന്റ് വരെ പഠിച്ചു. സൗദിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇടയ്ക്ക് ബൈക്ക് ആക്‌സിഡന്റ് പറ്റി ഇടതു കൈ സ്വാധീനം കുറഞ്ഞു. ഒരുപാട് കാലം മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്നും വത്സന്‍ എന്നു പേരുള്ള ഒരു വ്യക്തിയാണ് സ്‌നേഹാലയത്തില്‍ എത്തിച്ചത്. എസ്‌കെഎസ്എസ്എഫ് ബാവ നഗര്‍ ശാഖ പ്രവര്‍ത്തകര്‍ വീഡിയോ റിപ്പോര്‍ട്ട് തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. നിമിഷ നേരം കൊണ്ട് ബന്ധുക്കളും നാട്ടുകാരും ബന്ധപ്പെടുകയും ഇന്ന് രാവിലെ ബന്ധുക്കള്‍ വന്ന് സ്വദേശമായ ഇരിക്കൂറിലേക്ക് കൊണ്ട് കൊണ്ടുപോയി. തെരുവില്‍ ഹോമിക്കപ്പെടുന്ന അനാഥജന്മങ്ങള്‍ക്ക് താങ്ങും തണലുമായ അമ്പലത്തറ മൂന്നാംമൈലില്‍ സ്ഥിതി ചെയ്യുന്ന സ്‌നേഹാലയം പേരുപോലെ തന്നെ ഒരുപാട് അന്തേവാസികള്‍ക്ക് സ്‌നേഹം നല്‍കുന്ന ആലയം തന്നെയാണ്.കേവലം മൂന്ന് അന്തേവാസികളുമായി തുടങ്ങിയ സ്‌നേഹാലയം ഇപ്പോള്‍ വിവിധദേശങ്ങളില്‍ നിന്നുമുള്ള കിടപ്പുരോഗികളും മാനസികാസ്വാസ്ഥമുള്ളവരുമടക്കം 150 പേരാണ് ഇവിടെ അന്തേവാസികളായിട്ടുള്ളത്. ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട് സ്വബോധം നഷ്ടപ്പെട്ട്, വഴിയോരങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് ഒറ്റപ്പെട്ടു ജീവിക്കുന്നവരെ കണ്ടെത്തി സനാഥരാക്കി അവരെ പൂര്‍ണസൗഖ്യത്തോടെ സാധാരണജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന കാരുണ്യദൗത്യമാണ് സ്നേഹാലയത്തിലൂടെ ലക്ഷ്യമിടുന്നത്. ഇവിടെ ആരെയും അനാഥരായല്ല കാണുന്നത്, എല്ലാവരും മക്കളാണ്.ഒരു കൊച്ചു കുട്ടിയെ നോക്കുന്നത് പോലെയാണ് ഇവിടെയുള്ള ഓരോരുത്തരെയും പരിചരിക്കുന്നത്.പല്ലു തേപ്പിക്കുന്നതും കുളിപ്പിക്കുന്നതും എന്തിനേറെ മലമൂത്ര വിസര്‍ജനം നടത്തിയാല്‍ പോലും കഴുകി വൃത്തിയാക്കിക്കൊടുക്കുന്നതും പരിചാരകരാണ്. മക്കളുടെ ഭക്ഷണവും ചികിത്സകളും ആണ് ഇവിടെ നടപ്പാക്കുന്നത്. അശരണരും ആലംബഹീനരും അനാഥരും ഒറ്റയ്ക്കല്ല, കൂടെനില്‍ക്കാന്‍, സ്നേഹിക്കാന്‍ കുറെയേറെ ആളുകള്‍ ഞങ്ങള്‍ക്കും ഉണ്ട് എന്ന് അഭിമാനിക്കാന്‍, അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍, ബന്ധുക്കള്‍ ഉള്ളവരെ തിരികെ വീടുകളില്‍ എത്തിക്കാന്‍, അല്ലാത്തവരെ മരണം വരെ സംരക്ഷിക്കാനുമാണ് സ്നേഹാലയം ശ്രദ്ധിക്കുന്നത്. നാളിതുവരെ രണ്ടായിരത്തോളം മക്കള്‍ക്ക് സ്നേഹാലയത്തില്‍ അഭയം നല്‍കാന്‍ സാധിച്ചതായി ഇപ്പോള്‍ സ്നേഹാലയത്തിന്റെ ചുമതലവഹിക്കുന്ന ബ്രദര്‍ ഈശോദാസ് പറയുന്നു.പലരുടേയും സഹായം കൊണ്ട് സ്‌നേഹാലയം മുന്നോട്ട് പോകുന്നു,അവര്‍ക്ക് ഭക്ഷണമാണ് പ്രധാനം. വിശേഷ ദിവസങ്ങളില്‍ ഭക്ഷണമോ വസ്ത്രമോ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സ്‌നേഹാലയവുമായി ബന്ധപ്പെടണമെന്നും ബ്രദര്‍ പറയുന്നു.

Leave a Reply