അധിക നികുതിയും പെർമിറ്റ് ഫീസും ഒഴിവാക്കാൻ കള്ളാർ ഗ്രാമപഞ്ചായത്ത്

അധിക നികുതിയും പെർമിറ്റ് ഫീസും ഒഴിവാക്കാൻ കള്ളാർ ഗ്രാമപഞ്ചായത്ത്

രാജപുരം: സംസ്ഥാന സർക്കാർ കുത്തനെ ഉയർത്തിയ കെട്ടിട നികുതിയും, പെർമിറ്റ്, അപേക്ഷ ഫീസുകളും ഒഴിവാക്കുന്നതിനായി കള്ളാർ ഗ്രാമപഞ്ചായത്ത് ഇതു നടപ്പിലാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ബന്ധപ്പെട്ട സോഫ്റ്റ് വെയറുകളിൽ നടത്തിത്തരണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്റെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതിയോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാർ അന്യായമായി വർദ്ധിപ്പിച്ച പെർമിറ്റ് ഫീസ്, റഗുലറൈസേഷൻ ഫീസ്, ലേ ഔട്ട് ഫീസ് തുടങ്ങിയവയും പിൻവലിക്കണമെന്ന് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. 14 അംഗ ഭരണസമിതിയിൽ 10 കോൺഗ്രസ്സ് അംഗങ്ങളും, ബിജെപി അംഗവും, കേരള കോൺഗ്രസ്സ് സ്വതന്ത്ര അംഗവും, സി പി എം സ്വതന്ത്ര അംഗവും ഇതിനെ പിൻതുണച്ചപ്പോൾ , സി പി എം അംഗം വിയോജിപ്പോടെ മാറി നിന്നു. ഇടത്തരക്കാരായ ജനങ്ങളുടെ വീട് നിർമ്മാണ സ്വപ്നങ്ങൾക്ക് തന്നെ തിരിച്ചടിയാണ്. കാർഷിക മേഖലയിൽ നിന്നുള്ള സാധാരണക്കാരായ ജനങ്ങളും, പട്ടിക വർഗ്ഗ, മറ്റു പിന്നോക്ക വിഭാഗത്തിലുമുള്ള ജനങ്ങളാണ് കള്ളാർ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യയിൽ ഭൂരിഭാഗവും. ഇവരെ പിഴിഞ്ഞുകിട്ടുന്ന യാതൊരുവിധ അധിക വരുമാനവും പഞ്ചായത്തിന് ആവശ്യമില്ലെന്നാണ് യു.ഡി.എഫ് ഭരണസമിതിയുടെ തീരുമാനമെന്ന് ടി.കെ.നാരായണൻ അറിയിച്ചു.

Leave a Reply